ഒറ്റ നോട്ടത്തില്‍

നെല്ലനാട്....നല്ലനാട്......

പൊതുവിവരങ്ങള്‍
ജില്ല:തിരുവനന്തപുരം
ബ്ളോക്ക് :വാമനപുരം 
വിസ്തീര്‍ണ്ണം:18.46
വാര്‍ഡുകളുടെ എണ്ണം:16
ജനസംഖ്യ: 21768
പുരുഷന്‍മാര്‍ : 10611
സ്ത്രീകള്‍ :11157
ജനസാന്ദ്രത :1179
സ്ത്രീ : പുരുഷ അനുപാതം :1051
മൊത്തം സാക്ഷരത : 91.17
സാക്ഷരത (പുരുഷന്‍മാര്‍) :95.46
സാക്ഷരത (സ്ത്രീകള്‍):87.17

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെട്ട വാമനപുരം പഞ്ചായത്തിനെ വിഭജിച്ചാണ് നെല്ലനാട് പഞ്ചായത്ത് രൂപംകൊണ്ടത്. നെല്ലനാട് വില്ലേജ് ഏരിയയാണ് പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. വെഞ്ഞാറമൂടാണ് നെല്ലനാട് പഞ്ചായത്തിന്റെ ആസ്ഥാനം. നെല്ലനാട് പഞ്ചായത്ത് കുന്നിന്‍ ചെരുവുകളും സമതലങ്ങളും പാടശേഖരങ്ങളും താഴ്വരകളും ഉള്‍പ്പെട്ടതാണ്. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ കിഴക്കുഭാഗം ഉയര്‍ന്നപ്രദേശങ്ങളും, പടിഞ്ഞാറോട്ടു പോകുന്തോറും സമതലവും ആണ്. രാജാക്കന്മാരുടേയും സായിപ്പന്‍മാരുടേയും വഴിയാത്രകള്‍ക്കിടയില്‍ പ്രധാനവിശ്രമകേന്ദ്രമായി അവര്‍ തെരഞ്ഞെടുത്തിരുന്നത് ഈ നാടായിരുന്നു. ഒരുപക്ഷെ എല്ലാ അര്‍ത്ഥത്തിലും ഇതൊരു നല്ലനാടായിരുന്നതിനാലാവാം നല്ലനാട് എന്ന മൊഴിയോട് സാമ്യമുള്ള നെല്ലനാട് എന്ന സ്ഥലനാമമുണ്ടായതെന്ന് പഴമക്കാര്‍ അഭിപ്രായപ്പെടുന്നു. അവരുടെ മൊഴികളില്‍ നിന്ന് ഇതൊരു നല്ല നാടായിരുന്നു എന്ന് നാട്ടറിവുകള്‍ പറയുമ്പോള്‍ തന്നെ, ചുറ്റുവട്ടത്തെ പഞ്ചായത്തുപ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമായി സമൃദ്ധമായ നീരൊഴുക്കും, വിളതിങ്ങിയ കൃഷിപ്രദേശങ്ങളും കൊണ്ട് ഐശ്വര്യസമ്പൂര്‍ണ്ണമായ ഈ മണ്ണില്‍ നൂറുമേനി കൊയ്യുന്ന നെല്‍പ്പാടങ്ങളായിരുന്നു ഭൂരിപക്ഷമെന്നും നെല്ലിന്റെ നാടിനെ നെല്ലനാടെന്നു വിളിച്ചതാവാമെന്നും പഴമൊഴികള്‍ പറയുന്നു. പഞ്ചായത്തിലെ എറിപാറയ്ക്ക് മുകളിലുള്ള കടലുകാണി പാറയില്‍ നിന്നാല്‍ കടലും കപ്പലുകളും നന്നായി കാണാം. വൈഡൂര്യഖനനത്തിനും വിപണത്തിനും പേരുകേട്ട പ്രദേശമാണ് വെഞ്ഞാറമൂട്. അരനൂറ്റാണ്ടുകാലമായി വൈഡൂര്യസംസ്കരണം ഇവിടെ നടന്നുവരുന്നു. കായല്‍ പട്ടണത്തുനിന്നും, മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യാപാരികള്‍ വൈഡൂര്യം വാങ്ങാനെത്തുന്നു. വെഞ്ഞാറമൂടിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കും തൊഴില്‍ലഭ്യതയ്ക്കും ചിലരെ സമ്പന്നരാക്കുന്നതിനും ഈ മേഖല സഹായിച്ചിട്ടുണ്ട്. 1114-ലെ കല്ലറ-പാങ്ങോട് സമരത്തിന്റെ തുടക്കം ഈ മണ്ണില്‍ നിന്നായിരുന്നു. 1938-ല്‍ വെഞ്ഞാറമൂട്ടില്‍ നടന്ന ടോള്‍സമരത്തിലൂടെ നികുതിനിഷേധപ്രക്ഷോഭം നടത്തിയതാണ് കല്ലറ-പാങ്ങോട് സമരത്തിന് പ്രചോദനം നല്‍കിയത്.